എന്നെ ലൈക്കണേ....

Tuesday, May 6, 2014

ഇ-കവിതയുടെ ജാതകക്കുറിപ്പ്‌ വായിക്കുമ്പോള്‍...



സൈബര്‍ കവിതകള്‍
ആന്‍റി-വൈറസായിരിക്കണം...  
ഒരു ഹാക്കില്‍ സ്വത്വം നഷ്ടപ്പെടാതിരിക്കാന്‍
ഒരു ബേക്കപ്പ് സോഫ്റ്റ്‌വെയര്‍....!

പ്രേമം കാമത്തിന്‍റെ വാതായനമാകുന്നത്
ഓണ്‍ലൈന്‍ ചിന്തകളെ
ചുട്ടുപൊള്ളിക്കുന്നുണ്ട്...
പിഞ്ചു കുഞ്ഞിന്‍റെ രതിസംജ്ഞകള്‍
യൂ-ട്യൂബില്‍ തേടുന്ന കഴുകന്‍ കണ്ണുകളില്‍
സദാചാരം വ്യഭിചരിക്കപ്പെടുന്നു.....

ടാറുരുകിക്കറുത്ത നാട്ടുവഴികളില്‍
പൂര്‍വ്വസൂരികളുടെ പാദചിഹ്നങ്ങള്‍
മറവിയുടെ സമാധിയണിയുന്നു...
ബ്ലോഗായനങ്ങളിലേക്ക്
പലായനം ചെയ്ത കവിതകള്‍,
വൃത്തങ്ങളിലും, അലങ്കാരങ്ങളിലും,
ഉല്‍പ്രേക്ഷകളിലും,
തടവു കിടക്കുന്നേയില്ല......

കവിതകളിപ്പോള്‍
ഭാവനകളേക്കാളിപ്പുറം
യാഥാര്‍ത്യങ്ങളിലേക്ക് മാത്രം
ചേക്കേറുന്ന
ഗൂഗിളാകാശത്തിലെ
സൈബര്‍പ്പിറാവുകളാണ്...!!

 

Monday, May 5, 2014

ഞാനില്ലാത്ത മറ്റൊരു തൃശ്ശൂര്‍ പൂരം കൂടി

തൃശൂര്‍ പൂരമേ
ഞാനില്ലാതെ നീയെങ്ങിനെ ഉപചാരം ചൊല്ലിപ്പിരിയും??
ഇലഞ്ഞിത്തറ മേളത്തിന്‍റെ ആസുരദൃശ്യനാദവിസ്മയങ്ങളില്‍
കണ്ണും കാതും കുതിര്‍ന്നു പോകുന്ന പകല്‍ചൂടും
മഠത്തില്‍ വരവിന്‍റെ മാസ്മരനിമിഷങ്ങളില്‍ ആത്മാവ്പോലും അണിയുന്ന കുളിരും
കുടമാറ്റത്തിന്‍റെ അപരാഹ്നവര്‍ണ്ണക്കാഴ്ച്ചകളില്‍
കൈമെയ് മറന്നു ആര്‍ത്തുവിളിക്കുന്ന പുരുഷാരവും
രാത്രിയില്‍ തേക്കിന്‍കാടിലേക്ക് ഇറങ്ങിവരുന്ന ഉജ്ജ്വലവര്‍ണ്ണവിസ്ഫോടനങ്ങളുടെ...
നക്ഷത്രങ്ങളും
ആനയും അമ്പാരിയും
ആലക്തികപ്രഭയില്‍ കുളിച്ച
അലങ്കാരപ്പന്തലുകളും
കടലയും കരിമ്പും ചുണ്ടുചോപ്പനും പൊരിയും
ഉഴുന്നുവട മധുരസേവയും
രാഗത്തിലെ പാതിരാസിനിമയും
ഞാനില്ലാതെ എങ്ങനെ ആഘോഷിച്ചു തീരും ??

എനിക്കറിയാം,
കല്യാണം കഴിഞ്ഞാല്‍ അഴിക്കാതെ
പിന്നെയും കൊറച്ചു ദീസം
ബാക്കിവെക്കുന്ന പന്തല് പോലെ
എക്സിബിഷന്‍ അവിടെയുണ്ടാകും...
തൃശ്ശൂര്‍ പൂരമേ,
നിന്‍റെ മണവും ആ എക്സിബിഷനും
എനിക്കായി ബാക്കിവെക്കുക...
ഞാന്‍ തിരിച്ചു വരുമ്പോള്‍
എനിക്കത്;
(അതെങ്കിലും) മുകരണം .......!!
 

Sunday, May 4, 2014

രാഷ്ട്രീയം, പ്രണയം പിന്നെ ഗൃഹാതുരത്വം



ചായക്കടകളില്‍ ‍ നിന്നാണ്
രാഷ്ട്രീയത്തിന്‍റെ 
സംവാദങ്ങള്‍ക്ക് ചൂട് പിടിക്കുക...
ബാര്‍ബര്‍ ഷാപ്പുകളില്‍ ‍
ഇഴകീറി പോസ്റ്റുമോര്‍ട്ടം
നടത്തപ്പെടുന്നത് വരെ
ഓരോ തര്‍ക്കങ്ങളും
റോഡരുകുകളിലെ കലുങ്കുകളില്‍
കിങ്ങ് ബീഡി വലിച്ചിരിക്കുന്നുണ്ടാകും... !


ബസ്സ്‌സ്റ്റോപ്പുകളില്‍ നിന്നാണ്
പ്രണയത്തിന്‍റെ പുസ്തകത്തിലെ
ആദ്യതാള്‍ മറിക്കപ്പെടുക
കടല്‍ത്തീരത്തെ
അന്തിച്ചുവപ്പുള്ള ഇരുളില്‍
സ്വയമലിഞ്ഞു ചേരുന്നത് വരെ
അത് ആകാശം കാണാത്ത മയില്‍പ്പീലിയായിരിക്കും..!!


മരുഭൂമികളില്‍ നിന്നാണ്
ഗൃഹാതുരത്വത്തിന്‍റെ മഴത്തുള്ളികള്‍
നാം കണ്ടെടുക്കുന്നത്
തിരിച്ചു പോകേണ്ട
മടുപ്പിക്കുന്ന വഴികള്‍ക്ക്
കാല്‍പ്പനികതയുടെ
ഇല്ലാവര്‍ണ്ണങ്ങള്‍ തേച്ച്
നമ്മള്‍ സ്വയം നഷ്ടപ്പെടും......!!!


......ശുഭം....


Tuesday, March 11, 2014

ഉഷ്ണമനനങ്ങള്‍


മണ്ണില്‍ നിന്നും വിണ്ണിലേക്കു
തിരികെപ്പെയ്യും മഴയായി
സ്വേദമേഘങ്ങളുടെ വേനല്‍ക്കാലം
പരീക്ഷപ്പടവുകളിലേറി ബാല്യകൗമാരം
വിഷുവിളക്കു തെളിയാനിനി കാലമധികമില്ല;
ആറാട്ടുകടവിലെ ദേവസംഗമത്തിനും....!
ഇടവഴികളില്‍ കരിയിലകള്‍ക്കിടയില്‍
ചേനത്തണ്ടന്‍ മയങ്ങിക്കിടക്കുന്നുണ്ടാവും
ഇലയുതിര്‍ന്ന പേരാല്‍ചില്ലയില്‍
കൂടു വേണ്ടാത്ത കുയിലിന്‍റെ കുറുകല്‍..!
ചെളിയടര്‍ന്ന വരമ്പിലൂടെ ഒരു
വേനല്‍ക്കാറ്റിന്‍റെ ഉഷ്ണയാനം
മൗനം നുരയുന്ന ആകാശക്കീറില്‍
പൊള്ളുന്ന പറവയുടെ വാചാലപക്ഷം...!
തിരകളാല്‍ പൊതിയുന്ന ഗൃഹാതുരലവണമായ്
കാത്തിരിക്കുന്നുണ്ടൊരു കടല്‍
ചങ്ങാത്തം നുരഞ്ഞ സായന്തനം;
നടവഴികളില്‍ ഇരുളു തേച്ച രാത്രി

ഇനിയെന്നാണു ചുട്ടുപൊള്ളുമെന്‍ ഹൃദയമാ
വേനല്‍വറുതിയില്‍, സ്വന്തം നിഴലില്‍
തന്നെ താനാക്കിയ നാട്ടിന്‍പുറത്തിന്‍റെ
നന്മസൂര്യനുദിക്കുന്ന നിത്യതയില്‍.....??

...................................
....................................
....................................
ഗര്‍ഭപാത്രതിലേക്ക് തിരികെപ്പിണയുന്ന
പൊക്കിള്‍ക്കൊടികളാണ്
ഓരോ പ്രവാസിയുടെയുമോര്‍മ്മകള്‍;
സ്വത്വം, ഇനിയും പിറക്കാത്ത കുഞ്ഞാവ പോലെ!!


Friday, March 7, 2014

ഏപ്രില്‍ ഫൂള്‍സ്

ഫൂജ്യത്തിനു ബെലയുണ്ടോ കോയാ?? 
ഇല്ലാന്നു കോയ 
ഉണ്ടോന്നു ബീണ്ടും ഞാ.. 
ഇല്ലല്ലല്ലല്ലല്ലല്ലാന്നു ബീണ്ടും കോയ.. 
അപ്പൊ ഏപ്രില്‍ 10; 
ഏപ്രില്‍ 1 അല്ലെ കോയാന്നു ഞാ.... 
അതേയതേയതേയെന്നു കോയാ..!! 

ഓഹോ.. പ്പ ഞമ്മളെ മൊത്തം 
ഏപ്രില്‍ ഫൂളാക്കാന്‍ ഓര് ബരോന്നു ഞാ.. 
ബരുംരുംരുംരും ന്നു കോയ...!!

ബദ്രീങ്ങളെ,
ഈ ഹലാക്കിന്റെ അവിലുംകഞ്ഞി
തെളപ്പിക്ക്ണ ഡല്‍ഹിയില്‍
മോഡിയാണോ രാഹുലാണോ
മ്മടെ ജനാധിപത്യം
പഥ്യം ചേര്‍ത്തു ബിയുങ്ങാന്‍ പോണത്
ന്നു ചോയിക്കാന്‍ ഞാ പോയതാണ്..

പക്ഷെ കോയയെ കാണണില്ല മൂത്താരെ..

വോട്ടര്‍മാരെ കായ്‌ കൊടുത്തു
ബെലക്ക് ബാങ്ങണ ചന്തയില്‍
കോയക്കും കിട്ടുമൊരു
ഗാന്ധികള്‍ ചിരിക്കണ ചീട്ട്!!

Tuesday, March 4, 2014

ഈ കവിയുടെ ഒരു കാര്യം!!


കുടഞ്ഞിട്ട മഷിത്തൂവലുകള്‍ കൊണ്ട്
കവിതയില്‍ നിറയുന്ന
പറക്കമുറ്റാത്ത മൗനങ്ങള്‍ക്കു മേല്‍ ...
അടയിരിക്കുന്നത് കേകയോ കാകളിയോ......?
ഹൃദയം തുരന്നു നിനവുകള്‍ ചികഞ്ഞു
ഇരവിനെ കറന്നു കനവുകള്‍ നുകര്‍ന്നു
നോവുന്ന സ്വത്വത്തിലേക്കൊരു നൂല്‍പ്പാലയാത്ര...!
അപനിര്‍മ്മിതികളില്‍ കൊരുക്കപ്പെട്ട
കാവ്യത്തെ കാലം മറന്നു....
ഉപമയെ, ഉല്‍പ്രേക്ഷയെ നിയാമക-
വ്യതിചലനങ്ങള്‍ കവര്‍ന്നു..
തൂലികയില്‍ നിന്ന് പിറക്കുന്ന ചിലക്കുന്ന ഗൗളികള്‍,
ഉദയമൊടുക്കുന്ന ചില ഗുളികകള്‍,
ഗുളികന്‍നാവാല്‍ ഉരുവിട്ട
ഗതകാലങ്ങള്‍,
വര്‍ത്തമാനത്തിന്‍റെ നഭസ്സ്,
ഇയ്യാംപാറ്റച്ചിറകില്‍ പറക്കുന്ന
പ്രണയവച്ചസ്സ്,
മാനം അഴിഞ്ഞു വീണ പെണ്‍മനസ്സ്,
വിഷവിത്ത് തളിര്‍ക്കുന്ന പാടം,
ആര്‍ത്തനാദങ്ങളുടെ അധിനിവേശ പാഠം,
ആള്‍ദൈവങ്ങള്‍,
ആത്മരതി,
ഏകാന്തത,
എന്തൊക്കെ മണ്ണാംകട്ടയാണെങ്കിലും,
നാട്യപ്രധാനം കവിത്വം!!

**************
അല്ല പിന്നെ

Saturday, February 22, 2014

കവിതയില്ലാത്ത ശീര്‍ഷകങ്ങള്‍ (എന്‍റെയീ കവിത പോലെ...)

തന്‍റെ ഈകവിതക്ക് അനുയോജ്യമായ ശീര്‍ഷകം വേണം
കവി ചിന്തിച്ചു..
എത്ര ആലോചിച്ചിട്ടും സാധനം വരുന്നില്ലന്നേ..
ഛെ, ഇനി എന്ത് ചെയ്യും??
വല്ലോടത്തും വാങ്ങിക്കാന്‍ കിട്ടുമോ?? ...

ഗ്രോസറിയില്‍ പോയി
ഇല്ല,
ചന്തയിലും, തെരുവിലും തിരഞ്ഞു
ഇല്ലേ ഇല്ല,
സൂപര്‍മാര്‍ക്കറ്റിലും, ഹൈപ്പര്‍മാര്‍ക്കറ്റിലും
അലഞ്ഞുലഞ്ഞു
ഇല്ല ഇല്ലേയില്ല,
ഒടുവില്‍ ബ്ലോഗിലും ഗൂഗിളിലും
നിരങ്ങി
ങേഹേ.. എവടെ???

ഒടുവില്‍ തീരുമാനിച്ചു,

കവിതക്ക്
ശീര്‍ഷകം
ശീര്‍ഷകം
എന്ന് തന്നെയാകട്ടെ.......

വില കൂടിയ ആ ഡയറിത്താളില്‍
ശീര്‍ഷകം എന്ന് ശീര്‍ഷകം എഴുതി
അടിയില്‍ വരയിട്ടു
കവി
മനസ്സമാധാനത്തോടെ
കിടന്നുറങ്ങി....

രാവിലെ അതിയായ സന്തോഷത്തോടെ
പ്രസിദ്ധ 'മ' വാരികക്ക് അയക്കാന്‍ വേണ്ടി
അയാള്‍ ഡയറി കീറി കവിത എടുത്തു..

ശീര്‍ഷകം എന്ന ശീര്‍ഷകത്തിനു താഴെ
നഗ്നയായ ശൂന്യതപോലെ കവിത!

അയാള്‍ തലേന്ന് എഴുതിയത് ആ ശീര്‍ഷകം മാത്രമായിരുന്നു...!!
 

Friday, February 21, 2014

ഒറ്റവരിക്കവിതകള്‍



#ഓര്‍മ്മ
നിന്നിലേക്ക് തിരികെയൊഴുകുന്ന പുഴ...

#മറവി
ഇന്നലകള്‍ക്ക് മേലെ പെയ്തുറയുന്ന മഴ...

#ചിന്ത
മനസ്സിന്‍റെ മൊഴിയാത്ത സംസാരഭാഷ...

#സുഖം
സ്വര്‍ഗ്ഗത്തിന്‍റെ നനുത്ത തൂവല്‍സ്പര്‍ശം...

#ദുഃഖം
ആത്മസാമിപ്യത്തിന്‍റെ നഷ്ടഭാവം...
 

Wednesday, February 19, 2014

ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍റെ ജല്‍പ്പനങ്ങള്‍..



ഗിരിശൈലമേ നിന്നി-
ലിനിയുമൊരു ഭ്രാന്തന്‍റെ
സ്വപ്നശിലാ പ്രയാണം..
വാക്കുകള്‍ നിരത്തി-
യോര്‍മ്മകള്‍ ചേര്‍ത്തുരുട്ടിയീ
മുഖപുസ്തകത്താളി-
ലൊരു ഗമനദുന്ദുഭി....!
നിണമിറ്റി വീണെത്ര
മുകിലിന്‍ കബന്ധങ്ങള്‍
നിന്‍ ശിരോധമനിയില്‍
പുഴയായ് പുനര്‍ജനി..
മൊഴിവറ്റി മൗനത്തിനു-
ള്‍പ്പിരിവിലൂടെത്ര
കാറ്റിന്‍ ഹൃദന്തങ്ങള്‍
നീ നെയ്ത നിര്‍വൃതി....!


മഴകളായ് മറവികള്‍ ഊര്‍‍ന്നിറങ്ങി
താഴ്വരകളില്‍ കാലങ്ങളിടറി വിണ്ടു;
പാഴ്നിലാവിന്‍റെ ശവകുടീരങ്ങളായ്- 
രാത്രികളഴലിന്‍റെ നിഴല്‍വീണുറങ്ങി....!


പഴയൊരു പകല്‍ പിന്നി-
ലിളവെയില്‍ തുന്നിയെന്‍
ബാല്യമാം ഹേമന്തമധുരം
പകര്‍ന്നതും,,,,
ഇടവഴിയില്‍ സായാഹ്ന-
നാളമായവളുടെ
പരിഭവനിറങ്ങളെ  
പ്രണയം കവര്‍ന്നതും,,, 
മുനകൂര്‍ത്ത നോക്കിന്‍റെ
ഖഡ്ഗക്ഷതങ്ങളില്‍
മുറിവേറ്റ മൗനമാ-
യുയിരുയിരറിഞ്ഞതും,,,,
ഇനി ചേരുവാ-
നിടയിലിടമേതുമില്ലാതെ
ദേഹവും ദേഹിയു-
മൊരലകടല്‍ നനഞ്ഞതും,,,
ഏതു സ്വര്‍ഗ്ഗത്തിന്‍റെ
നൈമിഷികലാളനം....;
ഏതു സ്വപ്നത്തിന്‍റെ
രതിസുഖനിമന്ത്രണം......!!


ഇനിയെന്‍റെയോര്‍മ്മകള്‍
മറവികളാ-
യാര്‍ദ്രവര്‍ണ്ണങ്ങള്‍ മാഞ്ഞ-
മഴവില്‍ക്കൊടികളായ്..
ഇനിയെന്‍റെ മറവികള്‍
ഓര്‍മ്മകളായ്
സ്നിഗ്ദ്ധശിഖരങ്ങള്‍ മേഞ്ഞ-
നിലാമരത്തണലായ്......!


മാമലമേലെ, മറവിയുടെ കല്ലറക-
ളെന്നെ മണ്‍മൂടുന്ന മുന്നേ,
ഉതിരുന്നൊരോര്‍മ്മയില്‍
ഭ്രാന്തമാം സ്വപ്നഖനി മാത്രമെന്‍ സ്വന്തം;
ഞാനാണു ശൈലമേ പഴയൊരാ ഭ്രാന്തന്‍....!!!

.......ശുഭം....
 

Sunday, February 9, 2014

എന്‍റെ ഗ്രാമം



 
കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..
മഴയില്‍, നിലാവിന്‍ നനഞ്ഞ തൂവാലയില്‍
കുളിരും കിനാവ്‌ പോലെന്‍റെ ബാല്യം;
വഴിയേറെ താണ്ടിയിന്നഴിയുന്ന കാലമാം
ചരടിലണിയുന്നു ഞാനെന്‍ കിനാവ്‌..!
 
നഗരമാം നരകത്തിലെരിയും നെരിപ്പോടി-
ലൊരു ദുരിതവ്യാളി തന്നിരയാകവേ,
ഗൃഹാതുരത പേറി ഞാന്‍ ഗുഹകളാം ഗലികളില്‍
ഓര്‍മ്മ തന്‍ ഗന്ധം തിരഞ്ഞു തേങ്ങി.
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉരുകി നിറമറ്റൊരീയസ്തമന ബിംബം..! 
പകലിന്‍റെ നെടുവീര്‍പ്പ്; പക പോലെയിരുളായ്‌
പതിയെ രൂപങ്ങളെ പൊതിയുന്ന മൗനം..!
 
വ്യഥയുടെ വിലങ്ങുമായ് വിധിയുടെ കിടങ്ങില്‍
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്‍റെയുള്‍ക്കാഴ്ച തന്‍
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..


കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..!!












 
 
 
 
---------------ശുഭം------------
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്‍റെ സ്വന്തം ഗ്രാമത്തിന്‌..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!