എന്നെ ലൈക്കണേ....
Friday, February 21, 2014
Wednesday, February 19, 2014
ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍റെ ജല്‍പ്പനങ്ങള്‍..
ഗിരിശൈലമേ നിന്നി-
ലിനിയുമൊരു ഭ്രാന്തന്‍റെ
സ്വപ്നശിലാ പ്രയാണം..
വാക്കുകള്‍ നിരത്തി-
യോര്‍മ്മകള്‍ ചേര്‍ത്തുരുട്ടിയീ
മുഖപുസ്തകത്താളി-
ലൊരു ഗമനദുന്ദുഭി....!
നിണമിറ്റി വീണെത്ര
മുകിലിന്‍ കബന്ധങ്ങള്‍
നിന്‍ ശിരോധമനിയില്‍
പുഴയായ് പുനര്‍ജനി..
മൊഴിവറ്റി മൗനത്തിനു-
ള്‍പ്പിരിവിലൂടെത്ര
കാറ്റിന്‍ ഹൃദന്തങ്ങള്‍
നീ നെയ്ത നിര്‍വൃതി....!
മഴകളായ് മറവികള്‍ ഊര്‍ന്നിറങ്ങി
താഴ്വരകളില്‍ കാലങ്ങളിടറി വിണ്ടു;
പാഴ്നിലാവിന്‍റെ ശവകുടീരങ്ങളായ്-
രാത്രികളഴലിന്‍റെ നിഴല്‍വീണുറങ്ങി....!
പഴയൊരു പകല്‍ പിന്നി-
ലിളവെയില്‍ തുന്നിയെന്‍
ബാല്യമാം ഹേമന്തമധുരം
പകര്‍ന്നതും,,,,
ഇടവഴിയില്‍ സായാഹ്ന-
നാളമായവളുടെ
പരിഭവനിറങ്ങളെ
പ്രണയം കവര്‍ന്നതും,,,
മുനകൂര്‍ത്ത നോക്കിന്‍റെ
ഖഡ്ഗക്ഷതങ്ങളില്‍
മുറിവേറ്റ മൗനമാ-
യുയിരുയിരറിഞ്ഞതും,,,,
ഇനി ചേരുവാ-
നിടയിലിടമേതുമില്ലാതെ
ദേഹവും ദേഹിയു-
മൊരലകടല്‍ നനഞ്ഞതും,,,
ഏതു സ്വര്‍ഗ്ഗത്തിന്‍റെ
നൈമിഷികലാളനം....;
ഏതു സ്വപ്നത്തിന്‍റെ
രതിസുഖനിമന്ത്രണം......!!
ഇനിയെന്‍റെയോര്‍മ്മകള്‍
മറവികളാ-
യാര്‍ദ്രവര്‍ണ്ണങ്ങള്‍ മാഞ്ഞ-
മഴവില്‍ക്കൊടികളായ്..
ഇനിയെന്‍റെ മറവികള്‍
ഓര്‍മ്മകളായ്
സ്നിഗ്ദ്ധശിഖരങ്ങള്‍ മേഞ്ഞ-
നിലാമരത്തണലായ്......!
മാമലമേലെ, മറവിയുടെ കല്ലറക-
ളെന്നെ മണ്‍മൂടുന്ന മുന്നേ,
ഉതിരുന്നൊരോര്‍മ്മയില്‍
ഭ്രാന്തമാം സ്വപ്നഖനി മാത്രമെന്‍ സ്വന്തം;
ഞാനാണു ശൈലമേ പഴയൊരാ ഭ്രാന്തന്‍....!!!
.......ശുഭം....
Sunday, February 9, 2014
എന്‍റെ ഗ്രാമം
കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..
മഴയില്‍, നിലാവിന്‍ നനഞ്ഞ തൂവാലയില്‍
കുളിരും കിനാവ് പോലെന്‍റെ ബാല്യം;
വഴിയേറെ താണ്ടിയിന്നഴിയുന്ന കാലമാം
ചരടിലണിയുന്നു ഞാനെന്‍ കിനാവ്..!
നഗരമാം നരകത്തിലെരിയും നെരിപ്പോടി-
ലൊരു ദുരിതവ്യാളി തന്നിരയാകവേ,
ഗൃഹാതുരത പേറി ഞാന്‍ ഗുഹകളാം ഗലികളില്‍
ഓര്‍മ്മ തന്‍ ഗന്ധം തിരഞ്ഞു തേങ്ങി.
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉരുകി നിറമറ്റൊരീയസ്തമന ബിംബം..!
പകലിന്‍റെ നെടുവീര്‍പ്പ്; പക പോലെയിരുളായ്
പതിയെ രൂപങ്ങളെ പൊതിയുന്ന മൗനം..!
വ്യഥയുടെ വിലങ്ങുമായ് വിധിയുടെ കിടങ്ങില്‍
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്റെയുള്ക്കാഴ് ച തന്‍
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..
കനോലി കനാലിന്‍ കളാരവം പുണരുന്ന
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്റെയുള്ക്കാഴ്
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..
കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..!!
---------------ശുഭം----------- -
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്‍റെ സ്വന്തം ഗ്രാമത്തിന്..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്‍റെ സ്വന്തം ഗ്രാമത്തിന്..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!
Friday, January 24, 2014
ക്വൊട്ടേഷന്‍
മരിച്ചു വീണത് നീയാണെന്ന്
നീയോര്‍ത്തു നോക്കിയിട്ടുണ്ടോ???
കഠാര തുളഞ്ഞുകയറിയത്
നിന്‍റെ തൊണ്ടക്കുഴിയിലൂടെയാണെന്ന്...
കൊടുവാള്‍ കുടഞ്ഞെറിഞ്ഞത്
നിന്‍റെ കുടല്‍മാലയാണെന്ന്..
കറുത്ത പാതയില്‍ നിമിഷതടാകമായി
നിന്‍റെ ചോര തളം കെട്ടിയത്..
നേര്‍ത്ത നിശ്വാസം ഇരുമ്പുകൂടത്തില്‍
ശ്വാസം മുട്ടിക്കിതച്ചത്....
ഇര നീ തന്നെയായിരുന്നു
സ്വയം കൊല്ലുന്നത് ആത്മഹത്യയാണെങ്കില്‍
നീ ചെയ്യുന്നതും.....!!
നീ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ..???
വേട്ടക്കാരാ,
നിന്‍റെ കാല്‍ശരായിയുടെ തുണിഗര്‍ത്തം
ഗാന്ധിപ്പടങ്ങള്‍ കൊണ്ട് നിറച്ചു വെക്കാം
കറുത്ത നിയമച്ചിറകണിഞ്ഞ വവ്വാല്‍മനുഷ്യന്
കൊലക്കയറില്‍ നിന്ന്,
കല്‍ത്തുറുങ്കില്‍ നിന്നു പോലും നിന്നെ രക്ഷിക്കാനാകും...!
പക്ഷെ,
നിരത്തിലെ ഈ രാത്രിക്കൊപ്പം
എരിഞ്ഞെരിഞ്ഞു തീരുന്നത്
നിന്‍റെ ജീവന്‍ തന്നെയാണെന്ന്
നീ മനസ്സിലാക്കിയിട്ടുണ്ടോ...??
നാളെ പുലരുമ്പോള്‍
ഒരു ബൈക്ക് മാത്രം
ആര്‍.സി. ബുക്കിലെ അതിന്‍റെ യജമാനന്‍
നഷ്ടപ്പെട്ടതറിയാതെ അനാഥമാകും..
പിന്നെ ആക്രിക്കാരുടെ
ക്വട്ടെഷനില്‍ ആ ബൈക്കും
ലോഹഭൂതങ്ങളായ് വിഘടിക്കും... !
വേട്ടക്കാരാ,
നീ ഇരയെ കോര്‍ക്കുന്ന ചൂണ്ടയില്‍
നീ തന്നെ പിടയുമ്പോള്‍
ഞാന്‍ എന്തിനു അസ്വസ്ഥമാകുന്നു
എന്നാണെങ്കില്‍...
നീ തന്നെയല്ലേ ഞാന്‍??
_______________________________________________________
(അശരീരി: മനുഷ്യാ എല്ലാം ചെയ്തു വെച്ചിട്ട് നീ തന്നെ കുറ്റം
പറയുന്നോ??)
ആമയും, മുയലും
നിന്‍റെ ശിരോലിഖിതം
എഴുതപ്പെടാത്ത ചരിത്രമാണ്;
നിന്‍റെ ജാതകം
പറക്കാനാവാത്ത പറവയും....!
ഒരിക്കലും നിന്‍റെ ചിറകു നീ വീശാതിരിക്കുക
ഒരു മറവിയുടെ ശവക്കുഴിയില്‍
നീ നിന്നെ വില പേശാതിരിക്കുക...
നീ ഇഴയുക,
മണ്ണിന്‍റെ ചതുപ്പിലൂടെ....!
ചിറകുകള്‍
ആകാശത്തെ കീഴടക്കാനാവാത്ത
മുയല്‍ച്ചിന്തയാണ്;
ഇഴയുന്ന നീ
മണ്ണിനെ വെല്ലാനാവുന്ന
പഴയൊരാമയാണ്............!!
......
2002
Friday, January 3, 2014
Sunday, November 24, 2013
മൗനം//നൊമ്പരം
(ഒരു ഓള്‍ഡ് ജനറേഷന്‍ കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!
---ഷിറു-----
Monday, November 18, 2013
ഇനിയുള്ളത്..
ഇനിയുള്ള നാളെന്റെ സ്വപ്നമാകുന്നു
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ
കനല്‍ച്ചില്ലു പോലെന്റെ കിനാവുകള്‍...!
ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!!
നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...!
ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്ക്കല്ലു പോലെ..!
വേര്‍ത്ത തെറ്റിന്റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്റെ കൂര്‍ത്ത നഖങ്ങള്‍...!
നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***
ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!!
----അശുഭം----
Saturday, November 16, 2013
കുന്നത്തങ്ങാടി
കുന്നേലച്ചന്റെ വരവിനു മുന്‍പ്
'കുന്നത്തങ്ങാടിയുടെ' പേരിന്
അവസ്ഥാന്തരങ്ങളില്ലായിരുന്നു..!
ദ്വയാര്‍ഥങ്ങള്‍ കന്മഷം തീണ്ടാതെ
കുന്നിന്‍ പുറത്തെ അങ്ങാടിയായി
പരിലസിച്ച നാളുകള്‍...
'നാടന്‍' എന്ന സാമാന്യവാക്കിനു പിറകെ,
കായക്കുല, ചേന, ചക്ക, മാങ്ങ
ഇനിയും പേരു പറഞ്ഞും, പറയാതെയും
ഗ്രാമത്തിന്‍റെ വിശുദ്ധവിളകള്‍
വില്‍ക്കപ്പെടുന്ന ഇടം..!
പരിശുദ്ധ അന്തോണീസ് പുണ്യാളനെ
വാഴ്ത്താനും; ഇടവകയിലെ കുഞ്ഞാടുകളെ
നേര്‍വഴിക്കു നടത്താനും
ഗ്രിഗരീസ് അച്ഛനെ സെമിനാരി നിയോഗിച്ച ദിവസം,
ആകാശത്തെ നക്ഷത്രങ്ങള്‍
ഓട്ടകണ്ണിട്ട് നോക്കിയത്
കുന്നത്തങ്ങാടി ചന്തയുടെ
ജാതകത്തിലേക്കായിരിക്കാം.....!
തൊലി വെളുത്ത അച്ഛന്‍
മനം കൂടി വെളുത്തവനായിരുന്നു..
ശീമയില്‍ നിന്നു കിഴക്കിന്റെ സീമയിലേക്ക്
ഉദിച്ച സൂര്യനെ പോലെ...
ആംഗലേയത്തില്‍
പേരു വിളിക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടും
'കുന്നത്തെ അങ്ങാടിയുടെ' പാതിരിയെ
കുന്നേലച്ചനായി
നാട്ടുകാര്‍ വാഴ്ത്തിത്തുടങ്ങിയത്
അങ്ങനെയായിരുന്നു..
(ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന മുന്നേയാണെ..)
അങ്ങനെ കുന്നേലച്ചന്‍
മനസാ വാചാ കര്‍മണെ അറിയാതെ
കുന്നത്തങ്ങാടിയെ പേര് വിളിച്ചു ഭര്‍സിച്ചു തുടങ്ങി!
അങ്ങാടിയുടെ പേരില്‍ പുരണ്ട
അശ്ലീലത്തെ അപലപിക്കാന്‍
അന്ന് മുഖപുസ്തകങ്ങള്‍ തുറന്നിരുന്നില്ല..
ലൈവ് ചര്‍ച്ചകളോ, ചാനലുകളോ
മാധ്യമസിണ്ടിക്കേറ്റുകളോ ഉണ്ടായിരുന്നില്ല..
മനസ്സിലെ സ്നേഹം മുഴുവന്‍ ചാലിച്ച്
കുന്നെലച്ചന്‍
കുന്നത്തങ്ങാടിയെ വിളിച്ചു നടന്ന തൊടികളില്‍
ശീമക്കൊന്നകളും, വേലിപ്പത്തലുകളും
അശ്ലീലത്തെക്കുറിച്ച് ചിന്തിച്ചുമില്ല...
നല്ല ശമരിയാക്കാര്‍ കൂലംകഷമായി ചര്‍ച്ച ചെയാന്‍
അതൊരു സഭാവിഷയമായില്ല...
കാലങ്ങള്‍;
ചെളി നനഞ്ഞ പാടങ്ങളില്‍ നിന്നു
പറന്നു പോകുന്ന ദേശാടനക്കിളികളുടെ
ചിറകടികളായി...!!
കുന്നത്തങ്ങാടിയിലെ പഴയ ചന്ത
ഇപ്പോഴില്ല,
കുന്നേലച്ചനുമില്ല,
നാടന്‍ പാട്ടിലെ
കൈതോലപ്പായ വിരിച്ചു
പറെലൊരുപിടി നെല്ല് പൊലിച്ച്
കുഞ്ഞിന്‍റെ കാതുകുത്താന്‍ പോയ
അമ്മാവന്‍മാര്‍ കുടിക്കാന്‍ കേറിയ
ഷാപ്പുമില്ല..!!
സ്വാതന്ത്ര്യം കിട്ടിയ
എല്ലാ ഗ്രാമത്തെയും പോലെ
കുന്നത്തങ്ങാടിയിപ്പോള്‍
ആധുനികതയുടെ വില്‍പ്പനശാലയാണ്..!
നമ്മള്‍ മറന്നു പോയ
ഗ്രാമത്തിന്‍റെ വിശുദ്ധിയുടെ വിളപ്പില്‍ശാല!!
-------
ഇത് കുന്നത്തങ്ങാടിയുടെ ചരിത്രമല്ല.
വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് മാത്രം..
Thursday, October 24, 2013
ന്‍റെ സ്റ്റാറ്റസ്: ഒരു ഫേസ്ബുക്ക് കവിത
കവിതയിപ്പോള്‍
അശ്ലീലമൊഴുകുന്ന നദിയാണത്രേ..
ലിംഗങ്ങളും യോനികളും
തര്‍പ്പണം ചെയ്യുന്ന സ്നാനഘട്ടം..!
കാലിടുക്കിനും
കടലിടുക്കിനുമിടയില്‍
ഒഴുകിപ്പരന്ന ഭാവനകളില്‍
ചെളി തിരഞ്ഞു വായനക്കാരന്‍..
കവിയുടെയാത്മാവിന്റെ
ലിംഗങ്ങളും, യോനികളും ഭോഗിച്ചു
അനുവാചകര്‍
ഭരണിപ്പാട്ട് വിതച്ചു..!
കുരിശു പേറും കവി
നിര്‍വികാരതയുടെ
തുരിശുലായനി രുചിച്ചു....!!
ഹും,
എനിക്കുമീ കവിതയിലെ
ക്രോമസോമുകള്‍
വേര്‍തിരിച്ചെടുക്കണം
മൌനത്തിന്റെ ചൂണ്ടയുമായി
നദിക്കരയിലൊരു തപസ്സ്.....!
കവിതയിപ്പോള്‍
ആശയയുദ്ധത്തിന്റെ
സ്വയംഭോഗമാണ്.....!!
***
സമര്‍പ്പണം: വിഷ്ണുപ്രസാദിലെ 'കവിതക്ക്'...!
Subscribe to:
Posts (Atom)









