എന്നെ ലൈക്കണേ....

Wednesday, August 21, 2013

ഞാനും, നീയും..




ആകാശത്തിലേക്ക്
കയറിപ്പോകുന്ന
ഗോവണിപ്പടവുകളാണ്
കടലെന്ന് നീ..
ചക്രവാളത്തിലേക്ക്
'കണ്‍'തോട്ടിയിടുമ്പോള്‍
എനിക്കുമങ്ങനെ
തോന്നായ്കയില്ല...!

രാവും പകലും
രമിക്കുന്ന നേരത്ത്
നിലക്കടല ചുവക്കുന്ന
നിന്റെ നിശ്വാസം, 
എന്റെയാത്മാവു
നിലക്കുന്ന ഉന്മാദം..!

ഈ മണ്‍തരികളെ പോലെ
നിന്റെയുടല്‍ പൊതിഞ്ഞ്
എനിക്ക് എന്നിലേക്ക്‌ തന്നെ
ഉതിര്‍ന്നു വീഴണം..

നേര്‍ത്ത മഴവിരല്‍ കൊണ്ട്
ആകാശം തൊടുമ്പോള്‍
നീ ഭൂമിയായി..
ഞാന്‍ നിന്റെ
അകക്കാമ്പില്‍ തിളയ്ക്കുന്ന
ലാവയും..!

പണ്ടൊരിക്കല്‍,
നിന്റെ നിഴലില്‍
ഞെട്ടറ്റു വീണ
ആപ്പിള്‍പഴം പിന്നെ
നിന്റെ യഴലായി
എന്റെ യുയിരില്‍
ഇഴയുന്നൊരുരഗം
പിന്നെ
ഞാന്‍ തന്നെയായി..!

നീ പെണ്ണും
ഞാന്‍ ആണുമായത്
അങ്ങനെയാണ്..!

...ശുഭം...



Friday, August 2, 2013

ഓര്‍മ്മക്കുറിപ്പുകള്‍


ഒരിക്കലീ വരാന്തയില്‍
പരസ്പരം കാതോര്‍ത്തിരുന്ന
പദനിസ്വനങ്ങളെക്കുറിച്ച്
നിനക്കോര്‍മ്മയുണ്ടോ??
വിരസമായൊരു
മഞ്ഞു പോലെ പുതഞ്ഞ
പഠനയാമങ്ങളില്‍
നിന്റെ സാമിപ്യമെനിക്കൊരു
വേനല്‍സ്പര്‍ശമായിരുന്നു..

നമ്മുടെ കാലൊച്ചകള്‍ പോലെ
മഴച്ചാറ്റലൊരു ജൂണില്‍ പിറന്നു..
നമ്മുടെ സൌഹൃദവര്‍ണ്ണങ്ങള്‍ ചൂടി
സന്ധ്യയില്‍ ചന്തം വളര്‍ന്നു...!

(ഇതെല്ലാമിന്നലെ കണ്ടുകഴിഞ്ഞ
വെറുമൊരു പകല്‍ക്കിനാവെന്നോ?
എല്ലാമൊരേ കനല്‍ക്കല്ലു കൊണ്ടീ
ഹൃദയം മുറിക്കുവാനെന്നോ??)

വിടരും മുന്‍പേ കൊഴിഞ്ഞു വീണ
പൂവിന്റെ നോവില്‍
നമ്മുടെ സ്പന്ദനമുണ്ടായിരുന്നു..
പരസ്പരം കണ്ടെത്തിയ
നിമിഷദളങ്ങളില്‍
ഇനിയെന്നോ പറയേണ്ടിയിരുന്ന
യാത്രാമൊഴികള്‍
കോറിയിട്ടതാരായിരുന്നു..?

വേര്‍പാടുകള്‍
പിറവിയുടെ ബാധ്യത പോലെ..

സത്യത്തിന്റെ
തീക്ഷ്ണ ജ്വരം പടര്‍ന്നു
നാവു വരണ്ടിരിക്കുന്നു
തലച്ചോറില്‍ തടാകമായി
മൌനം തളം കെട്ടി
ഒരു തിരയിളക്കം പോലുമില്ലാതെ
സിരകളില്‍ ചോര നിലക്കുന്നു..
തിരിച്ചു പോകുവാന്‍
തുറന്നിട്ട വാതിലിനപ്പുറം
മറവികളെന്നെ കാത്തിരിക്കുന്നുണ്ട്..!

മറവിയൊരു മരണമാണ്
മരണമൊരു മറവിയും !!

....ശുഭം.... 

Saturday, June 29, 2013

ആല്‍ത്തറ.കോം




ആല്‍ത്തറകളോര്‍മ്മയുടെ നേര്‍ത്ത വര്‍ണ്ണങ്ങളും,
കൂര്‍ത്ത ദെണ്ണങ്ങളും തീര്‍ത്ത ഹൃദയങ്ങളെ...
ആര്‍ത്തലച്ചെത്തുന്ന വിഹഗസ്വപ്നങ്ങളെ...
നേരം വധിക്കുന്ന നാട്ടുകൂട്ടങ്ങളെ...
നേര്‍വഴികള്‍ തെറ്റുന്നൊരുഷ്ണശില്പങ്ങളെ...
നേരിന്റെ നാക്കായ്‌, നിലാവിന്റെ പൂക്കളാ-
യീ വഴികള്‍ നിറയുന്ന യുവസൌഹൃദങ്ങളെ...
ഒരു പോലെ, പെറ്റമ്മ പോലെ പരിപാലിച്ചു
ഇരുളും, വെളിച്ചവും ഇതളിട്ട പൊരുളു പോ-
ലൊരു തത്വസംഹിതയെ വാര്‍ത്തെടുക്കുന്നു..!!
*
'ത്രിഗുണനാം' ദൈവത്തിനശരീരി കെട്ടോരാള്‍
സ്ഫടികചഷകങ്ങളില്‍ സ്വപ്നം തുളുമ്പുമീ
മുന്തിരിച്ചാറുമായ്, മന്ത്രാക്ഷരങ്ങളായ്‌
ഒരു നാട്ടുചരിതത്തെയോര്‍ത്തെടുക്കുന്നു..!
*
കവലയതിലൊരു കള്ള്ഷാപ്പിന്റെ തിണ്ണയില്‍
കലപിലകള്‍ നുരയുന്ന മണ്‍കോപ്പകള്‍
ചെഞ്ചുണ്ടില്‍ കനല്‍ ചിന്തുമഗ്നികുണ്ഠം;
ചന്ത പിരിയുന്ന നേരത്തെയുന്മാദ ദൃശ്യം...!

പിന്നിട്ട പെരുവഴിയിലെവിടെയോ കൈവിട്ട
പൊന്നിട്ടൊരാ ഗ്രാമ ചേതനകളെ,
മുളങ്കാടു പൂക്കുന്നൊരിടവഴിത്താരയെ,
മുള പൊട്ടി വിരിയും കതിര്‍ക്കുലകള്‍; കാറ്റിന്റെ
വിരലുകളിലിളകുന്ന ഹരിത നേദ്യങ്ങളെ;
കരകളില്‍ തോരണം നെയ്ത കേരങ്ങളെ,
സര്‍ഗ്ഗസന്ദേശങ്ങളില്‍ പുനര്‍ജനിക്കുന്ന
സ്വര്‍ഗ്ഗ ചിത്രങ്ങളായെഴുതുന്നതാരൊരാള്‍...

അമ്മ തന്‍ കൈപുണ്യമേറ്റ മണ്‍പാത്രത്തി-
ലന്തിക്ക് കൂടപ്പിറപ്പിനോടോത്തു പങ്കിട്ടു;
തന്‍ പങ്കിനെ ചൊല്ലി, പയ്യാരം-
പറഞ്ഞമ്മ കാണ്‍കെ കിണ്‌ുങ്ങിക്കരയവേ
സ്വന്തം വിശപ്പാറ്റുവാനമ്മ ബാക്കിവെച്ചൊ-
രു തരിച്ചോറുമെന്‍ കണ്ണനെന്നോതി
വിളമ്പുന്ന വാല്‍സല്യ മഴയില്‍ നനഞ്ഞോരാള്‍...

പുത്തനാം പുസ്തകങ്ങള്‍ തന്റെ ഗന്ധവും
പുതുമഴകളൂഴിയില്‍ തേച്ചോരുന്മാദവും
പകലറുതി തന്‍ സ്വര്‍ണ്ണ വര്‍ണ്ണ ചിത്രങ്ങളും
മതി വരുവോളമാത്മാവിലാവാഹിച്ചു
മൃദു ശലഭമായ് ബാല്യമാം മലര്‍ശയ്യയില്‍
രാപ്പകലുകള്‍ നേര്‍ന്ന സ്വപ്നം തിരഞൊരാള്‍..

ഒരു തുമ്പി തന്‍ പിറകെ മറുതുമ്പി പോലെ
ഇല്ലാത്ത ചിറകുകളാട്ടിപ്പറന്നതും
ഒരുതുമ്പയും, തെച്ചി, പിച്ചകപ്പൂക്കളും
കൊണ്ടൊരത്തത്തിന്റെ മോദം നുകര്‍ന്നതും,
കണിക്കൊന്നകള്‍ പൂത്ത പോലെ തിളങ്ങുന്ന
നാണയത്തുട്ടുകള്‍ കൈനീട്ടമായതും
ഇനിയാര്‍ക്കുമേകുവാനാകാത്ത നിധി പോലെ
മനതാരിലോര്‍മ്മയുടെ ഖനി സ്വന്തമായൊരാള്‍...

പൊട്ടിപ്പൊളിഞ്ഞ മരബഞ്ചുകളിലന്തിച്ചു
കൂട്ടുകാരോടോത്തിരുന്നു ടാക്കീസില-
ന്നാദ്യമായ്‌ കണ്ട 'കണ്ടം ബെച്ച കോട്ട്';
പൂരപ്പറമ്പിലന്നാദ്യമായാനക്കു
മുന്നില്‍ നിരന്നു ചെണ്ടക്കു കൈതാളമി-
ട്ടാമോദചിത്തരായ്‌ രാവുറങ്ങാതെ
തമ്മില്‍ ചിരിച്ചാര്‍ത്തതുമോര്‍ത്തു കരയുന്നൊരാള്‍...

അപരാഹ്നവേളകളിലപരന്റെ ഗുണദോഷ-
മിഴകീറിയതു ചൊല്ലി പിന്നെപ്പരസ്പരം
തലതല്ലിയും പല പുലഭ്യം പറഞ്ഞും
ഒടുവിലതുമെല്ലാം മറന്നു കൈകോര്‍ത്തൊറ്റ-
നിഴലു പോല്‍, കടലു പോല്‍ തമ്മില്‍ പുണര്‍ന്നും
നാട്ടുവഴികള്‍ താണ്ടുന്നൊതോര്‍ത്തു തേങ്ങുന്നൊരാള്‍...

കൂടെപ്പഠിച്ചോരാ പെണ്‍കിടാവിന്റെ കണ്‍-
കോണില്‍ തളിര്‍ത്തതനുരാഗമൌനത്തിന്റെ
വാചാലമന്ത്രങ്ങളെന്നു കരുതി; കരളി-
ലവള്‍ പോലുമറിയാതെ കാത്തു സൂക്ഷിച്ചു-
കാലം തേച്ചു മായ്ക്കാതെയിന്നും തുളുമ്പുന്ന
മധുരനൊമ്പരമാര്‍ന്ന സ്മൃതിയില്‍ കുതിര്‍ന്നൊരാള്‍..

കരിപ്പുക വമിക്കുന്നൊരഗ്നിരഥത്തി-
ലന്നാദ്യമായേറി മഹാനഗരവീഥിയില്‍
കരി പുരളുമെത്രയോ ജീവകാണ്ഡങ്ങളും
താണ്ടിയൊരു യാത്രയില്‍ കാല്പാടു തേഞൊരാള്‍...

കടല്‍ കടന്നൊടുവിലീ മണ്‍കാട്ടിലെത്തിയോര്‍
കരള്‍ കൊണ്ടൊരുക്കുന്നൊരാല്‍ത്തറയില്‍
സ്മരണശലഭങ്ങള്‍ പുനര്‍ജനികളായി,
ഗൃതാതുരത മെനയുന്ന നിര്‍വചനമായി,
ഹൃദയവഴിയില്‍ ഹിമകണങ്ങളായ്‌ പെയ്തു-
തോരാതെ, ഇനി പെയ്തു തോരാതെ...............!!!

..........ശുഭം...... 

Tuesday, May 14, 2013

ചിറകു മുളക്കുന്നവര്‍


 












ഇനിയെനിക്കീ വ്യോമസരണിയില്‍-
നനുനനെ-
ചിറകടികള്‍ തീര്‍ത്ത സ്വപ്നമാകാം..
മേഘങ്ങള്‍ പിളരുന്ന യന്ത്രവിഹംഗത്തിന്‍
ശീഘ്ര പലായനം സ്വന്തമാക്കാം..
പിന്നിട്ട കദനങ്ങള്‍ കാഴ്ചകളായ്‌ താഴെ-
തെന്നിയകലുന്നൊരാ സൈകതങ്ങള്‍..!
നരജീവിതം പോല്‍ തിളച്ചു മറിയുന്ന
നുര തേച്ച കടലിന്റെ ജലസീമകള്‍..!!
ഇനിയെനിക്കായ്‌ വര്‍ണ്ണരാജികള്‍-
കുനുകുനെ-
പുരളുന്ന പകലിന്റെ ചക്രവാളം ..
മരുവിന്റെയിരുള്‍ മണല്‍ തട്ടില്‍ നിന്നും
ഒരു കരിയിലക്കുരുവി തന്‍ ഗമനതാളം..!
ഇനിയെന്റെ രാപ്പകല്‍ക്കനവുകളില്‍- നിറ-
വാഴ്വിന്റെ ലവണഗന്ധങ്ങള്‍...
ഇനിയടരാനുള്ളോരായൂര്‍ദളങ്ങളെ
ഓമനിച്ചൊരു ജന്മമൌനം..!!
...ശുഭം...

സമര്‍പ്പണം: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് 

Sunday, March 31, 2013

അവര്‍ക്കെന്തറിയാം..??




എനിക്കറിയാം; 
നിങ്ങള്‍ക്കെന്തറിയാം 
എന്ന ചോദ്യത്തില്‍ നിന്ന് 
എനിക്കെന്തൊക്കെയോ അറിയാമെന്ന 
മൌഡ്യം കലര്‍ന്ന 
ആത്മപ്രശംസയുടെ 
ചിറകിനടിയിലേക്ക് 
ഉത്തരം സ്വയമൊതുങ്ങുമ്പോള്‍ 
നിനക്കൊന്നും പറയാനുണ്ടാവില്ല...! 

നിനക്കുമറിയാം; 
നിങ്ങള്‍ക്കെന്തറിയാം 
എന്ന മറുചോദ്യത്തില്‍ നിന്ന് 
നിനക്കെന്തൊക്കെയോ അറിയാമെന്ന 
കൌതുകം കുതിര്‍ന്ന 
സംഭീതചിന്തകളുടെ 
അഗ്നിനാളങ്ങളില്‍  
ചോദ്യം തന്നെ ഉരുകിത്തീരുമ്പോള്‍ 
എനിക്കൊന്നും പറയാനുണ്ടാവില്ല...!! 

അതാണ്‌ പറഞ്ഞത്; 
അവര്‍ക്കെന്തറിയാം??? 

.....ശുഭം... 



നരനോട്..


ആകാശത്തിന്റെ 
മേഘപുസ്തകത്തില്‍ 
ടാഗ് ചെയ്ത നക്ഷത്രങ്ങളെ 
പകലുകള്‍ കൊണ്ടെന്തിനാണ്
നീ ഡിലീറ്റ്‌ ചെയ്തത്..?

ഭൂമിയുടെ
മണ്‍പുസ്തകത്തിലെ
ഇന്‍ബോക്സില്‍ പെയ്ത
വേനല്‍മഴയെ
കുപ്പികള്‍ കൊണ്ടെന്തിനാണ്
നീ തടവിലാക്കിയത്..??

ഹൃദയത്തിന്റെ
രക്തപുസ്തകത്തിലെ
പ്രേമത്തിന്റെ ടൈംലൈനില്‍
കാമത്തിന്റെ നഖം കൊണ്ടെന്തിനാണ്
നീ കമന്റിയത് ..???

ഓര്‍മ്മകളുടെ
ചരിത്രപുസ്തകങ്ങള്‍
അധിനിവേശങ്ങളുടെ
വൈറസ്സുകള്‍ കൊണ്ടെന്തിനാണ്
നീ തിരുത്തിയത്....????

ഇനി...
സ്വര്‍ഗ്ഗത്തിന്റെ
സുഖപുസ്തകത്തില്‍ 

ആഡ് ചെയ്യപ്പെടുവാന്‍
നിന്റെ സ്വപ്‌നങ്ങള്‍ മാത്രം..!

നരകത്തിന്റെ
അഗ്നിപുസ്തകത്തില്‍ 

എരിഞ്ഞ് തീരുവാന്‍
നിന്റെ ജന്മങ്ങള്‍ മാത്രം...!!

കാരണം;
ജീവിതത്തിന്റെ
കര്‍മ്മപുസ്തകത്തില്‍
നീ ഫോളോ ചെയ്യാന്‍ മറന്ന നീ..!!!

...ശുഭം?.... 






Sunday, February 17, 2013

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.
കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!









Friday, February 15, 2013

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍:1
***
ട്രെയിനില്‍ നിന്ന് 
പുറത്തേക്കു തള്ളിയിടപ്പെടുന്നത് വരെ 
അവളെ പൊതിഞ്ഞിരുന്നത് 
സ്വപ്നങ്ങളുടെയാടകളായിരുന്നു...
പാതിയില്‍ മുറിഞ്ഞ 
വിദൂരസ്വനഗ്രാഹിയിയുടെ 
മധുരാരവങ്ങള്‍   
സങ്കല്‍പ മധുവിധുവിലേക്ക് 
നയിച്ച മയക്കം..!
ഉടല്‍ നഷ്ടപ്പെട്ട്, 
വസ്ത്രങ്ങള്‍ക്ക് നാണം വന്ന 
ശേഷനിമിഷത്തില്‍ 
കരിങ്കല്‍ചീളുകള്‍ക്ക് മേല്‍ 
അവളുടെ നിണത്തുള്ളികള്‍ 
കുപ്പായങ്ങളായി...! 
സ്വര്‍ഗ്ഗത്തിലേക്കുള്ള 
മാംസവാതായനത്തില്‍ 
ഒറ്റക്കയ്യന്‍ ഞരമ്പുള്ള 
കഴുകന്റെ നഖക്ഷതം..! 
ശ്മശാനത്തിലേക്ക് 
മടക്കപ്പെട്ട നിമിഷം മുതല്‍ 
അവളെ പുതച്ചത് 
ജന്മങ്ങളുടെ കച്ചകളായിരുന്നു... 
പക്ഷെ, 
ഉയിര്‍ നഷ്ടപ്പെട്ട് 
നഗ്നമായ ഉടലില്‍ നിന്ന് 
പറന്നുയരാന്‍ മറന്നു പോയ 
ഒരു പെണ്കിനാവിന്റെ 
പട്ടടയെന്നാണെരിഞ്ഞു തീരുക..!!

Wednesday, February 13, 2013

ഫെബ് 14.. ഒരു ഡയറിക്കുറിപ്പ്



****
പ്രണയം ഇപ്പോള്‍ 
കലണ്ടര്‍ ചതുരത്തില്‍ "ദീനം" പിടിച്ചു കിടപ്പാ..; 
തിളച്ച യവ്വനങ്ങള്‍ മുഖപുസ്തകത്തില്‍ തിരഞ്ഞത്...!
ഹൃദയത്തില്‍ നിന്നുതിരുന്ന  നോട്ടങ്ങള്‍  
ഹൃദയം തുളച്ചിറങ്ങിയിട്ട് കാലം കുറച്ചായി......; 
മരത്തണലില്‍ വിരിച്ചിട്ട സൗഹൃദങ്ങള്‍ പൂത്തിട്ടും..!! 
നിരത്തുകള്‍ ഇപ്പോള്‍ മരണവീടുകളിലേക്ക് നീളുന്നു..; 
അഴിഞ്ഞിട്ട പെണ്മാനങ്ങള്‍ ആകാശത്തിലേക്കും....!!! 
'ചോലപ്പൊന്തചുറ്റന്‍' തിരയുന്ന പൂന്തേന്‍ 
പ്ളാസ്റ്റിക്ക് മലരിനു തിരിയാതായിരിക്കുന്നു...; 
ഓലപ്പന്തും, പമ്പരവും ബാല്യത്തിന് നഷ്ടമായ പോല്‍....!!!! 
ഇനി എന്നെ വിലക്ക് വാങ്ങാന്‍ 
ഒരു കൊലമരമെങ്കിലും ബാക്കിയുണ്ട്....; 
കഴുകന്‍ കൊത്തിവലിക്കുന്ന മുന്നേ 
കടം വെച്ച ജന്മത്തിന് വിലയിടാനാകാത്ത സ്വപ്നം പക്ഷെ, 
ഒറ്റക്കാണ്....; 

----അശുഭം----

Wednesday, February 6, 2013

ടൂര്‍സ്‌ & ട്രാവല്‍സിലേക്കൊരു ഫോണ്‍ കാള്‍..


**** 
യുക്തിവാദികളുടെ 
റിപ്പബ്ലിക്കിലേക്കൊരു 
സന്ദര്‍ശകവിസ കിട്ടാനുണ്ടോ? 
ജാതിയും, മതവും പറഞ്ഞു
തമ്മില്‍ കൊന്നു തീരാത്ത
ഒരു ദിവസത്തിന് വേണ്ടി....!
അരാഷ്ട്രീയവാദികളുടെ
രാഷ്ട്രത്തിലേക്കൊരു
ടൂറിസ്റ്റ് വിസ കിട്ടാനുണ്ടോ??
കക്ഷിരാഷ്ട്രീയക്കുടിലതകളുടെ
ക്ലാവ് പിടിക്കാത്ത
മനുഷ്യമനസ്സിനു വേണ്ടി...!!
ഹിജഡകളുടെ
ഹര്‍ഷലോകത്തിലേക്കൊരു
എഗ്രിമെന്റ് വിസ കിട്ടാനുണ്ടോ???
പെണ്മാനമുടുതുണിയഴിഞ്ഞു കിടക്കാത്ത
തെരുവുകള്‍ക്ക് വേണ്ടി
ഒരു ജന്മത്തിന് വേണ്ടി...!!!

....ശുഭം....