***
മരണവീട്ടില്‍
നിശബ്ദത ജനിക്കുന്നേയില്ല..
അടക്കം പറച്ചിലുകളുടെ
മര്‍മ്മരങ്ങള്‍..
പൂര്‍വ്വസൂരികളില്‍ നിന്ന്
മൃതദേഹം 'ടിയാന്‍' വരെയുള്ള
ചരിത്ര സംക്രമണങ്ങള്‍...
കുറെ നാള്‍ കൂടി കൂടിച്ചേരാന്‍ കഴിഞ്ഞ
സൌഹൃദ സ്മൃതികളുടെ
വിസ്ഫോടനങ്ങള്‍..
സ്വാതന്ത്ര്യമതിന്റെ അന്ത:സത്തയില്‍
അനുഭവിക്കാന്‍ കഴിയുന്ന
ബാല്യസീല്‍ക്കാരങ്ങള്‍...
പയ്യാരം പറച്ചിലുകള്‍,
പരദൂഷണങ്ങള്‍,
'പെണ്ണുര'കളിലെ
ആര്‍ഭാടങ്ങള്‍..!
മരണവീട്ടിലെ
ശബ്ദങ്ങള്‍
മൌനം പുതപ്പിക്കുക,
ആള്‍ക്കൂട്ടത്തില്‍ തനിയെ
ആയിപ്പോയ ശവത്തെ മാത്രം..!
ഞാനെത്തുമ്പോള്‍
ചടങ്ങ് തീര്‍ന്നിട്ടില്ല...,
ഒരു നോക്ക് കാണാന്‍ വേണ്ടി
വെള്ളവസ്ത്രമുയര്ത്തിത്തന്
ഒരു കാരണവര്‍..
"മലയാളത്തറവാട്ടിലെ
മരിച്ച കവിതയെ കണ്ടോളൂ .."
കണ്ണുനീര്‍ത്തുള്ളികള്‍
ചാലിട്ടു കുതിര്‍ന്ന ശബ്ദം..!
നല്ലൊരു ജന്മമായിരുന്നു..
പാവം; മരിച്ചു പോയി..
......
ശേഷം,
.....
മൂന്നാം ദിനം,
കുരിശില്‍ നിന്നാകാശം പൂകിയ
യേശുവിന്റെ ചരിത്രം
ഇവിടെ
മൂന്നാം നിമിഷത്തില്‍
സംഭവിച്ചു..
പരമ്പരാഗതമായ
വേഷപ്പകര്‍ചകളില്‍...
പാരതന്ത്ര്യത്തിന്റെ
വൃത്തമലങ്കാരബന്ധനങ്ങളില്‍,
വരേണ്യവത്കരണത്തിന്റെ
കുരിശുകളില്‍
തളക്കപ്പെട്ട "കവിത"
ഉയിര്‍ത്തെഴുന്നേറ്റു..
.
മരണവീട് ഇപ്പോള്‍
നിശബ്ദമാണ്..!!!!!!
.
.....അല്ല പിന്നെ......







