എന്നെ ലൈക്കണേ....

Saturday, December 15, 2012

ജീവിതം=യുദ്ധം


ജീവിതയുദ്ധം.. 
ഇത് ജീവിതയുദ്ധം..





















സ്വപ്നങ്ങളാണ് നിന്നായുധങ്ങള്‍..
സ്മരണകളാണ് നിന്നനുഗാമികള്‍..
ദുഃഖങ്ങള്‍ സിര തീര്‍ത്ത ഹൃദയമോ-
നിന്‍ പടച്ചട്ട...!
സത്യങ്ങളാണ് നിന്‍ സത്ത...!!

നിന്‍മിഴിയിലുതിരുന്ന
ശോണബാഷ്പങ്ങളില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്റെ
വര്‍ണ്ണമാകാം..
വിണ്ചെരുവിലലയുന്ന
മേഘങ്ങളൊരുപക്ഷെ
ഇനിയും ഒടുങ്ങാത്ത
മോഹങ്ങളാകാം...!
നിന്നിലിനിയും അടങ്ങാത്ത
ദാഹങ്ങളാകാം...!!

വേപഥുവിലിഴയുന്നൊരചലകാലം
നിന്റെ പാദചിഹ്നങ്ങളില്‍
തളം കെട്ടി നില്‍ക്കെ,
വര്‍ത്തമാനത്തിന്റെയാകുലതയില്‍
നിന്റെ ഹൃദയതാളങ്ങള്‍
ഇടറിവീണു..!

നിന്നെ തനിച്ചാക്കിയൊരു
പാത ബാക്കിയായ്‌;
ശിശിരമൌനങ്ങളില്‍
ഇല പൊഴിഞ്ഞിരവുകള്‍, പകലുകള്‍-
ആത്മ ശിഖരങ്ങള്‍..;
നീ കണ്ട കനവുകള്‍
കനലായെരിഞ്ഞു വിഭൂതികളായ്
മേഘരൂപന്‍ തന്റെ മാന്ത്രിക വിരല്‍ തൊട്ടു
ചിറകറ്റ ശലഭങ്ങളായ്‌..!!

ഒറ്റയ്ക്ക് താണ്ടി നീയേത്തെണ്ടതല്ലേ,
ജീവിതപ്പെരുവഴി?
ജന്മയാനങ്ങള്‍ തന്‍
ഗമനസരണി...;
ഇത് തീരാത്ത ദുര്യോഗധരണി...!!

ഇനി നിന്റെ നിനവുകള്‍
മുന തീര്‍ത്തെടുക്കുക...,
അവിശ്രാന്ത ധിഷണയാല്‍
തീ കോര്‍ത്തെടുക്കുക...,
നിന്റെ ജീവയുദ്ധത്തിന്റെ
കാഹള വിരാവങ്ങള്‍
ഏറ്റു പാടാനൊരു പുലരി വരും വരെ..!!

Friday, November 23, 2012

നിനവ്

സ്വപ്നങ്ങളില്‍ കുതിര്‍ന്നു പോയ എന്റെ രാത്രികള്‍ 
നിന്റെ പകലിനെ തിരയുകയായിരുന്നു... 
സന്ധ്യയില്‍ തുടക്കവും ഒടുക്കവും പുരണ്ട വര്‍ണ്ണങ്ങള്‍.. 
ജന്മങ്ങള്‍ പകുത്തെടുത്ത ഈ കടലോരത്തില്‍ 
നഷ്ടപ്പെട്ട നിമിഷങ്ങള്‍ മണ്‍തരികളായി.. 
ഞാന്‍ നിന്നെ ഓര്‍ത്തെടുക്കുന്നത് 
ഈ നിമിഷങ്ങളില്‍ നനഞ്ഞാണ്‌...!

തീക്കനല്‍ക്കവിതകള്‍..


***
1.
തീക്കനല്‍ ചൂടില്‍ നിന്റെ വിയര്‍പ്പ് പൊടി- 
ഞ്ഞിലഞ്ഞിമരച്ചോട്ടില്‍ മറന്ന ബാല്യത്തിന്‍ 
മണ്ണപ്പം ചുട്ടു, പൊള്ളിയ വിരല്‍തുമ്പില്‍
തുടിക്കുന്നതല്ലേ സാക്ഷാല്‍ കവിതയെന്‍ മഹാശയാ..!

2.
രാഷ്ട്രമീമാംസയെ വരിച്ചു വിരിച്ച
കംബളങ്ങള്‍ നീയൊരുക്കിയിരുന്നെന്കില്‍
പരപാദസേവനത്തില്‍ നീ സ്വയം
മരിക്കാന്‍ പഠിച്ചിരുന്നെങ്കില്‍
ബുദ്ധിജീവിക്കാഷായം, മുഖസ്തുതിക്കഷായം
ബുദ്ധിക്ക് മേലെ പുതപ്പിചിരുന്നെന്കില്‍
ശീതീകരിച്ച നക്ഷത്ര സൌധങ്ങളില്‍
നിനക്കെത്ര സ്വപ്നങ്ങളെഴുതാമായിരുന്നു..!!

3.
ഭരണകൂട ഭീകരത
കൊലപാതകങ്ങള്‍ കൊണ്ട് മാത്രം
അളന്നാല്‍ തീരുന്നതല്ല..
ഒരു ദിവസം കൊണ്ടോരാളെ
നിസ്വനാക്കി, അവന്റെ വ്യസനം കൊണ്ട്
ആസനം ചൊറിയുന്ന
രണ്ടും കെട്ട ചില നിലപാടുകള്‍..!!!

4.
നീ ചുട്ടു വിളമ്പുന്ന കവിതകള്‍ മാത്രം
ബാക്കിയാവില്ല..
ബാക്കിയായാലും കേടാവാതിരിക്കാന്‍
ഫ്രീസറു വേണ്ട.!!!!

....ശുഭം...













Wednesday, September 26, 2012

മെസിയാദീന്‍..

***
ശരത്കാലം..
നഗ്നരായ മരങ്ങളുടെ
തണലില്ലാത്തണലില്‍
...നാമൊരുമിച്ച സായന്തനത്തില്‍
നക്ഷത്രങ്ങളുടെ നഖക്ഷതങ്ങളേല്‍ക്കുവാന്‍
വെമ്പുന്ന രാത്രിയുടെ
തൃഷ്ണയായിരുന്നു നിന്നില്‍..
കൊഴിഞ്ഞു വീണ ഓരോ ഇലകളിലും,
നഷ്ടപ്പെട്ടു പോയ തന്റെ സ്വപ്നങ്ങളെ തിരഞ്ഞു
നീ ഖിന്നയായി..
ഓരോ നിമിഷവും മറ്റൊരു നിമിഷത്തിനു വേണ്ടി
സ്വയം പൊഴിഞ്ഞു തീരുകയാണെന്നു
പിറുപിറുത്തു..
*
എന്നിലൊരു അവധൂതനുണ്ടെന്നും,
എനിക്ക് ജിബ്രാന്റെ ഛ>യയാണെന്നും
നീ പുലമ്പിയ വസന്തകാലത്തെ കുറിച്ച്
ഓര്‍ക്കുകയായിരുന്നു ഞാന്‍..;
വര്‍ഷരേണുക്കള്‍ ചിറകു കുടഞ്ഞു
ഭൂമിയുടെ ഗര്‍ഭപാത്രം തേടി നനഞ്ഞുടഞ്ഞു വീണ
ഋതുജാലകത്തില്‍
നേര്‍ത്ത വിരല്‍ നീട്ടി
നൈമിഷിക ചിത്രങ്ങള്‍ മെനഞ്ഞ
നിന്റെ ഭാവങ്ങളെ കുറിച്ചും..!
*
ഹിമകണങ്ങള്‍
പുല്‍ക്കൊടികള്‍ക്ക് മേലെ
നിതാന്ത സുഷുപ്തിയില്‍ സ്വയമലിഞ്ഞ
ഹേമന്തം,
എനിക്ക് പകര്‍ന്നു തന്നത്
നിന്റെ മൌനങ്ങളുടെ വാചാലതയായിരുന്നു...
*
അബോധങ്ങളുടെ ആഴങ്ങളിലേക്ക്
ഋതുഭേതങ്ങളുടെ അതിരുകളില്ലാതെ
ഒരു വെയില്‍ത്തുമ്പിയായി പറന്നിറങ്ങുമ്പോള്‍
ഞാന്‍ നിന്നെയും തിരിച്ചറിയുന്നു..
നീയെന്റെ മെസിയാദീന്‍...!!

എന്റെ വില; നിന്റെയും..

****
എന്റെ ആകാശവും, ഭൂമിയും, സ്വപ്നങ്ങളും...,
എന്റെ പുഴകളും, മഴകളും, ഓര്‍മ്മകളും..,
എല്ലാം അവര്‍ വിറ്റു തുലച്ചു..!
...എന്റെ പ്രണയവും, പ്രണവവും, ഗ്രിഹാതുരതയും
സ്വിസ്സ് ബാങ്കിലെ ലോക്കറില്‍..
എന്റെ ദാഹവും, മോഹവും, മൃഗതൃഷ്ണയും
ജപ്പാന്‍ കുടിവെള്ളച്ചാലില്‍..
എന്റെ ഭൂതവും, ഭാവിയും, വര്‍ത്തമാനവും
അണ്ണാച്ചിബാഗില്‍ പണയത്തില്‍..!
നിന്നെയുമവര്‍ വെറുതെ വിട്ടോ?
നിന്റെ മാനവും, മേനിയും, മൌനങ്ങളും
അവര്‍ കട്ടു രസിച്ചു..
നിന്റെ നേരും, നോവും, വിലാപങ്ങളും
അവര്‍ കേട്ട് സുഖിച്ചു...
(പിന്നെ, നിന്നെയവര്‍ വിറ്റു കാശാക്കി..!)
അങ്ങനെ,
എല്ലാം നഷ്ടപ്പെട്ട ഞാന്‍
എന്നെത്തന്നെ വില്‍ക്കാന്‍ ചന്തയില്‍ ചെന്നപ്പോള്‍
എനിക്കും കിട്ടിയൊരു വില...
ഒരു ഓട്ടക്കാലണ..!!

നിനക്കാവാത്തതും, ആവുന്നതും..

എന്‍റെ സ്വപ്നങ്ങളെ,

അണുവിസ്ഫോടനം കൊണ്ടു പോലും തകര്‍ക്കാന്‍ നിനക്കാവില്ല..!
കരഞ്ഞു തേഞ്ഞ കണ്പുടവകള്‍ കൊണ്ടു മൂടി ഞാനവ
എന്‍റെ റെറ്റിനയുടെ നിലവറയില്‍ ഒളിപ്പിച്ച്‌ വെച്ചിട്ടുണ്ട്..
പക്ഷെ,
...പറഞ്ഞു മാഞ്ഞ വാക്കുകള്‍ നാവിലുറയുന്ന മുന്‍പേ
ഒരു നേര്‍ത്ത മൗനം കൊണ്ടു നീയവ തകര്‍ത്തു കളഞ്ഞേനെ..
ന്യൂക്ലിയര്‍ ബോംബിനെക്കാള്‍ ഞാന്‍ പേടിക്കുന്നത്
നിന്‍റെ മൗനമല്ലാതെ മറ്റെന്താണ്...?

ഷവര്‍മ്മ

*
എനിക്ക് ജീവിതം മടുത്തു..
മരണത്തിന്റെ ഗന്ധം ഉന്മാദമായി ആത്മാവില്‍ നിറയുന്നു..
ഈ ചില്ലുകസേരയില്‍ എന്‍റെ നിശ്വാസങ്ങള്‍
...ഒരു ബില്ല് കടലാസില്‍ നനയുന്നു..
ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മയിലെ അവസാന തുണ്ടും
എന്‍റെ അന്നനാളം തഴുകി, ആമാശയത്തിലെ
രുചി തേഞ്ഞ ആശയങ്ങള്‍ മെഴുകി

ഒരു ചീഞ്ഞ മണമുള്ള ഓര്‍മയില്‍
എന്നെ തന്നെ അടക്കം ചെയ്ത്.. അങ്ങനെ..

വട്ട്..


**
ചിലപ്പോള്‍ എന്റെ ഓര്‍മകള്‍ക്ക് വട്ടു പിടിച്ചതാകാം..
പഴയ കാലത്തിലേക്ക് തുളുമ്പി വീഴുന്ന
മഴത്തുള്ളികളാകുന്ന എന്റെ ഓര്‍മ്മകള്‍ക്ക്
...വട്ടു പിടിച്ചതാകാം..
നിന്റെ നിദ്രയില്‍ നിന്ന് എന്റെ സ്വപ്നങ്ങളിലേക്ക്
വിരിച്ചിട്ട പരവതാനിയില്‍
തട്ടിതടഞ്ഞു വീണു കാലൊടിഞ്ഞ
എന്റെ ഓര്‍മ്മകള്‍ക്ക് വട്ടു പിടിച്ചതാകാം..
നിന്റെ കാലടിപ്പാടുകള്‍ പിന്തുടരവേ,
തിരകളുടെ വിരലുകളില്‍ നഷ്ടപ്പെട്ട
പാദചിഹ്നത്തിനായി കടലിനോട് കലഹിച്ചു
പിണക്കം പറഞ്ഞ എന്റെ ഓര്‍മ്മകള്‍ക്ക്;
അരയാള്‍പൊക്കത്തില്‍ മുറിമതിലില്‍
നിന്റെ വരവിന്റെ ചക്രവാളത്തിലേക്ക്
മുറിച്ചിടപ്പെട്ട റെറ്റിനത്തൂവലില്‍
കാത്തിരിപ്പിന്റെ ചോരക്കലപ്പുള്ള
എന്റെ അതേ ഓര്‍മ്മകള്‍ക്ക് വട്ടു പിടിച്ചത് തന്നെയാകാം..
ഞാന്‍ സമ്മതിക്കാം..!
അല്ലാതെ,
മൌനം കൊണ്ട് നീ പറഞ്ഞ യാത്രാമൊഴിയുടെ
ഇഴ പിരിച്ചു കയര്‍ കുരുക്കി
ആകാശത്തിന്റെ മച്ചില്‍ കടുംകെട്ടു കെട്ടി
കഴുത്തിലേക്ക് നീട്ടിക്കെട്ടി
"മരിക്കാന്‍ വേണ്ടി തൂങ്ങിച്ചത്ത"

എനിക്ക് വട്ടാണെന്ന് മാത്രം പറഞ്ഞു കളഞേക്കരുത്..!!

നീതി


**
നീയാരെയാണ് നോക്കുന്നത്..?
അടച്ചു പിടിച്ച കണ്ണുകള്‍ കൊണ്ട്
നീ കണ്ടതൊക്കെ സത്യമായിരുന്നോ?
...അല്ലെങ്കിലും,
വ്യവഹാരമുറിയിലെ അള്‍ത്താരയില്‍
ദേവതയായി വാഴ്ത്തപ്പെട്ടു
കൈകളില്‍ വിലങ്ങിനു പകരമൊരു ത്രാസും പൂട്ടി
നീയന്നു തൊട്ടേ തടങ്കലിലാണല്ലോ..

മ(മ)രണം


**
മരണം ഒരു സ്വപ്നമില്ലാത്ത ഉറക്കാണ്‌..
ജന്മങ്ങള്‍ക്കിടയിലെ നേര്‍ത്ത നൂല്പ്പാലത്തില്‍
"വഴിച്ചീട്ടിനായ്‌"നില്‍ക്കുന്ന ദേഹിയെ കാത്ത്‌
...ജീര്‍ണ്ണിക്കാനായൊരു ദേഹശകടം..
പറഞ്ഞു തീര്‍ത്ത പഴം പുരാണങ്ങള്‍
പറയാതെ ചീര്‍ത്ത പുതു പാഠകങ്ങള്‍
മുന്‍പേ നടന്നവര്‍ക്ക് വേണ്ടിയും
പുറകെ വരാനുള്ളവര്‍ക്ക് വേണ്ടിയും...

മരണം നിറമില്ലാത്ത സ്ഫടികവിതാനമാണ്..
ആകാശങ്ങള്‍‍ക്കിടയിലെ ശൂന്യതകള്‍
എത്ര നക്ഷത്രങ്ങള്‍ കൊണ്ട് നിറച്ചിട്ടും
സ്വയമണിയാന്‍ മറന്നു പോയ വര്‍ണ്ണം പോലെ..
നെയ്തു വെച്ച നിലാവുകളും
കൊയ്ത് വെച്ച വെയിലുകളും
കിനാവുകളും, നിനവുകളുമായി..!
അടുത്ത ജന്മതിലെക്കുള്ള കിളിവാതിലില്‍
ഒരു റൂഹാനിക്കിളിയുടെ ചിലപ്പ്..
ബാക്കി വെച്ച ഏതോ സ്വപ്നത്തിന്റെ ചില്ല തേടി
ഞാനും തിരിച്ചു വരുമായിരിക്കും..!!