എന്നെ ലൈക്കണേ....

Saturday, February 27, 2010

ജീവിതചക്രം


1.
ആകാശത്തിന്‍റെ മസ്ലിന്‍ തുണിയില്‍
നക്ഷത്രങ്ങളെ തുന്നി ചേര്‍ത്തത്
നിന്‍റെ നഖക്ഷതങ്ങളായിരുന്നു..,
രാത്രികളില്‍ തിളങ്ങുന്ന പൂച്ചക്കണ്ണുളാണ്
അവയെന്ന് ഞാന്‍ പതം പറഞ്ഞുവെങ്കിലും..!
അടിവയറില്‍ ചേര്‍ത്ത് വെച്ച കൈകള്‍ക്ക്
ഒരു നക്ഷത്രത്തിന്‍റെ ഭാരം
താങ്ങാവുന്നതിനും അപ്പുറം..
ഉദരത്തില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ ക്കുറിച്ച്
നീ വാചാലയായത്തിനു ശേഷം
നക്ഷത്രങ്ങളെ ഞാന്‍ വെറുത്തു തുടങ്ങി..
നക്ഷത്ര ശൂന്യമായ ആകാശമായി ജീവിതം..!

(ഇരുളിലേക്ക് മുറിച്ചിറങ്ങാന്‍
അന്ധതയുടെ കാഴ്ചകളുമായി സ്വപ്‌നങ്ങള്‍..
ഞെട്ടിയുണര്‍ന്നത്‌ ഉറക്കത്തില്‍ നിന്നായിരുന്നില്ല;
മൗനം തളിര്‍ക്കുന്ന ആ സ്വപ്നങ്ങളില്‍ നിന്ന്..!)



2.
മണിയറയിലെ അടക്കം പറച്ചിലുകള്‍ക്ക്
ഒരു ആപ്പിള്‍പാപത്തോളം പഴക്കമുണ്ടത്രേ..
എന്‍റെയധരങ്ങളുടെ ഇരകളായി
മറ്റൊരുവളുടെ ശ്രവണേന്ത്രിയങ്ങള്‍..
മാസം തികയാതെ ഉദിച്ച ഒരു നക്ഷത്രം
എന്‍റെ നെഞ്ഞില്‍ മഴ നനക്കുകയാണിപ്പോള്‍..
എന്‍റെ കണ്ണുകളും മൂക്കുകളും
അവനില്‍ തിരഞ്ഞു പരാജിതനായി
വെറുമൊരച്ച്ചനായി
ആയുസ്സിന്‍റെ പുസ്തകത്താളുകള്‍
മറിഞ്ഞു തീര്‍ന്ന്
സ്വയം നഷ്ടപ്പെടെണ്ട നിയോഗത്തിന്‍റെ ഇരയായി
വെറുമൊരു മനുഷ്യനായി
ഞാന്‍ ബാക്കിയാവുന്നു..!!


----ശുഭം----



കാത്തിരിക്കുന്നവന്‍റെ കവിത



സൂര്യഗായത്രി നീ...
മധുരഭരഗാത്രി നീ...
ഊഷര പതംഗങ്ങളാടുന്ന രാത്രിയില്‍
വിരഹപദ ഗന്ധങ്ങളാളുന്ന മാത്രയില്‍
എന്നാത്മശിഖിരത്തിലൊരു മൗനശിബിരമായ്
എന്‍ ഹൃദയധമനിയില്‍ നൊമ്പരധനുസ്സുമായ്‌
ഇനി യാത്ര മൊഴിയാതെ യാത്രയാവുന്നു നീ!
പിന്‍വിളികളായെന്‍റെ പ്രണയശലഭങ്ങള്‍ തന്‍-
ചിറകടികള്‍; ചിരകാലമായ് നാം മദം കൊണ്ട
രാക്കനവുകള്‍ തന്‍റെ ചെം നിറങ്ങള്‍...
പിന്തുടരുവാനെന്‍റെ ജന്മയാനങ്ങള്‍ തന്‍-
അനഘ പ്രയാണങ്ങള്‍ നേര്‍ന്ന ചരണങ്ങള്‍..!
രാവിന്‍ നിഴല്‍ കൊണ്ട് തീര്‍ത്ത ചലനങ്ങളില്‍..
സങ്കല്പമഗ്നി തിരയുന്ന ജ്വലനങ്ങളില്‍..
എന്‍റെ സ്വപ്നങ്ങളില്‍..
സ്മൃതി ജാലകങ്ങളില്‍..
ഒരു നേര്‍ത്ത നിനദമുയരുന്നു;
കരള്‍- പിടഞ്ഞൊരു വാനമ്പാടി പാടുന്നു!
ഇനിയെന്‍റെ പുലരിയില്‍ സൂര്യനില്ല...
ഇനിയെന്‍റെയിരവുകള്‍ക്കാതിരകളില്ല...
ഇനിയെന്‍റെയധരങ്ങള്‍ ചിരി തൊടില്ല; ഇനി-
യെന്‍ കവിതയില്‍ മോദ ലഹരിയില്ല!
വഴിക്കണ്ണുകള്‍ നാട്ടു നിശ്ചേഷ്ടനായ്
നിന്‍റെ വിരഹത്തിലുയിരറ്റു വീഴാതിരിക്കാന്‍
ഭൂപടങ്ങള്‍ തന്‍റെ കുറുകെ ത്തളിര്‍ക്കുന്ന
രേഖാംശരേഖയാണെന്നാശ്രയം..!
തുടങ്ങുന്നിടത്ത് തന്നെ തിരിച്ചെത്തുന്ന
യാത്രാപഥങ്ങളാണിന്നെന്‍റെ സ്വാന്ത്വനം..!!
പോയ്‌ വരിക പ്രേയസീ,
പാഥേയമായെന്‍റെ ഹൃദയവും പേറി നീ
പോയ്‌ വരിക; പഥ സീമകള്‍ നിന്‍റെ
പാദചിഹ്നങ്ങളെ കാത്തിരിക്കുന്നു...!
ഇവിടെ,
നിനക്കായ്‌ ഞാനും കാത്തിരിക്കുന്നു...!!

----ശുഭം----

ആത്മഗതങ്ങള്‍


ഞാന്‍ പോലുമറിയാതെ-
യെന്നില്‍ തുളുമ്പുന്ന
വിരഹമേഘത്തിന്റെ മര്‍മ്മരങ്ങള്‍..
നേര്‍ത്ത കണ്ണുനീര്‍ത്തുള്ളിയായ്
നീ തന്നോരോര്‍മ്മകള്‍..
നീയരികിലില്ലാത്തതാണെന്റെ സങ്കടം...!
*
നീയെന്റെയുയിരില്‍
ഞാനണിയുന്ന കങ്കണം..
ഈ ചുട്ടു പൊള്ളുന്ന നോവിന്റെ ചന്ദനം..
നീ തൊട്ടു നിന്‍ മൗന-
മുണരുന്ന ചുംബനം..
നീ പൂത്തു നില്‍ക്കുമേകാന്തമാം ചെമ്പകം..!
*
ഞാനതിന്‍ പല്ലവ പുടങ്ങളില്‍ തേടി
എന്റെ ജന്മങ്ങളും..
എന്റെ സ്വപ്നങ്ങളും...
പിന്നെ,
എന്നെയും,
എന്നിലെ നിന്നെയും തോഴീ...!

രാത്രിയില്‍ പ്രണയിക്കുന്നവരുടെ നഗരം...


പ്രണയ കുടീരങ്ങളുടെ നഗരം;
ഓര്‍മ്മകളുടെ മര്‍മ്മരം
രാത്രി
കാത്തിരിപ്പ്
മറവിയുടെ നനവുള്ള
ബിയറിന്റെ ഗന്ധം
മൌനം
സിഗരെറ്റ്‌
യന്ത്രവിശറിക്കാറ്റ്...

പാതി തുറന്ന വാതില്‍;
പരിചിതസ്പന്ദനം
ചുംബനം
നഗ്നത
കിതപ്പ്
നിരോധിക്കപ്പെട്ട ജന്മങ്ങള്‍;
ഉറകളിലെ സെമിത്തേരി...

യാത്രാമൊഴി
പകല്‍
മടുപ്പ്
ഉറക്കത്തിന്റെ തണുപ്പ്;
സ്വപ്നങ്ങളുടെ അള്‍ത്താര...

വീണ്ടും;
രാത്രി,
കാത്തിരിപ്പ്...!

ചെമ്പകം_ചെമ്പകം@ഹൃദയം


ചെമ്പകമേയെന്‍റെ
നൊമ്പരച്ചൂടെറ്റു നീ വാടി വീഴേണ്ട..!
നിന്‍റെയന്‍പെഴും വാക്കിന്‍
വിരല്‍ത്തുമ്പിനാലെന്‍റെ
ഹൃദയത്തിലുന്‍മാദ ഗന്ധവും പേറി നീ-
യൊരു പകല്‍ക്കനവിന്‍റെ
വര്‍ണ്ണശലഭം പോലെ..
വേനലില്‍ ചുട്ടുപൊള്ളുന്ന സാകേതത്തി-
ലൊരു മഴച്ചാറ്റലിന്‍ സാന്ത്വനം പോലെ..
വരികയീ യന്ത്രസ്വനഗ്രാഹിയില്‍ തോഴീ..!
അകലെ നീയജ്ഞാത രധ്യകളിലേതോ
വന്യഗന്ധങ്ങളെ ധ്യാനിച്ചുണര്‍ത്തി;
അവയെന്‍ നിഗൂഡ മൗനങ്ങളെ പൊതിയേ
ഞാനേതു നിദ്രയില്‍ നിന്നുണര്‍ന്നു?
നിന്‍റെയോര്‍മ്മ തന്‍ മണമേറ്റു
വിരിയുന്ന ബാല്യത്തി-
ലൊരു കളിക്കുടിലിന്‍റെ മണ്‍നിഴലുകള്‍..
പാതി കടിച്ചു തമ്മില്‍ പങ്കു വെച്ചോരാ
കണ്ണിമാങ്ങാത്തുണ്ട്; കടലാസു തോണികള്‍..
ഇടവഴിക്കോണി ല്‍ നിന്‍ കടമിഴിക്കോണുകള്‍
പരിഭവച്ചവിയാര്‍ന്ന പോലെ
ഗ്രിഹാതുരത്വത്തിന്റെ ചഷകങ്ങള്‍ വീണ്ടും
നിറയുന്നു നിന്‍ സ്മൃതിധാര പൊഴിയേ..!
പാടു നീ സ്വപ്നലോകങ്ങളെ പ്പറ്റി..
മറന്നിട്ടുമറിയാതെയോര്‍ത്തു പോകുന്നോരീ
തീരങ്ങളെ പ്പറ്റി..;
യവന സൌന്തര്യധാമങ്ങളെ പറ്റി...
മലനാടിനെ പറ്റി, മണ്‍കാട്ടിലലയുന്നോ-
രേകനാം പഥികനെ പറ്റി..
പാടുക നീ, നിത്യ ഹരിതയാം സ്വപ്നമേ..
ചെമ്പകമേ..
എന്‍റെ ചങ്കിന്‍റെ ഗന്ധമേ...!!
-------ശുഭം------

സമര്‍പ്പണം:
അമ്മയുറങ്ങാത്ത വീട്ടിലെ ചെമ്പകത്തിന്‍റെ മണമുള്ള പെണ്‍കുട്ടിക്ക്..